ആമുഖം
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്കിലാണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കേരളഎസ്റ്റേറ്റ്, കരുവാരകുണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന് 64.2 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് അമരമ്പലം, ചോക്കാട്, പുതൂര്‍(പാലക്കാട് ജില്ല) പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പുതൂര്‍(പാലക്കാട് ജില്ല) പഞ്ചായത്തും, തെക്കുഭാഗത്ത് അലനല്ലൂര്‍(പാലക്കാട് ജില്ല), എടപ്പറ്റ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കാളികാവ്, തുവ്വൂര്‍, ചോക്കാട് പഞ്ചായത്തുകളുമാണ്. “കരു” എന്നാല്‍ ഇരുമ്പയിര് എന്നാണര്‍ത്ഥം. ഇരുമ്പയിര് വാരിയെടുത്തിരുന്ന സ്ഥലം “കരുവാരകുണ്ടാ”യി അറിയപ്പെട്ടു. ഇരുമ്പുമായി ഈ പ്രദേശത്തിന് അതിപുരാതനമായ ബന്ധമുണ്ടായിരുന്നന്ന് ചരിത്രസൂചനകളുണ്ട്. അയിരുപണി എടുത്തിരുന്നവര്‍ക്ക് “അരിപ്പണിക്കാര്‍”: എന്ന കുടുംബപ്പേര്‍ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കരുവാരകുണ്ടിനെ വേണമെങ്കില്‍ ദക്ഷിണേന്ത്യയിലെ ജംഷഡ്പൂര്‍ എന്ന് വിളിക്കാം. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുമ്പ് കൊണ്ട് ഇവിടെ നിര്‍മ്മിക്കപ്പെട്ട വാള്‍, ചട്ടി തുടങ്ങിയവ ഈജിപ്ത്, തുര്‍ക്കി, റോം, ദമാസ്കസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചിരുന്നതായി ചരിത്രം പറയുന്നു. മലപ്പുറം ജില്ലയിലെ പ്രമുഖ കാര്‍ഷിക മേഖലയായ കരുവാരകുണ്ട് പഞ്ചായത്ത് വനവുമായി അടുത്തു കിടക്കുന്നതും കുന്നും, മലകളും നിറഞ്ഞതും തികച്ചും ചെരിഞ്ഞുകിടക്കുന്ന പ്രദേശവുമാണ്. പ്രധാനമായും റബ്ബര്‍, തെങ്ങ്, കമുക്, സുഗന്ധ വിളകളായ കുരുമുളക്, ഏലം, ജാതിക്ക, ഇഞ്ചി, മഞ്ഞള്‍, ഗ്രാമ്പു എന്നിവയും വാഴ, കാപ്പി, പച്ചക്കറികള്‍, മരച്ചീനി, കശുമാവ്, ചേമ്പ്, ചേന എന്നിവയും ഔഷധസസ്യങ്ങളുമാണ് കൃഷിചെയ്തുവരുന്നത്. പഞ്ചായത്തിന്റെ തെക്കുകിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടം, സമുദ്രനിരപ്പില്‍ നിന്ന് 1250 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ഒലിപ്പുഴ ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്. 1050 മീറ്റര്‍ ഉയരത്തില്‍ നിന്ന് കല്ലംപുഴയും ഉല്‍ഭവിക്കുന്നു. ഈ രണ്ടുപുഴകളുടെയും നീര്‍ത്തടപ്രദേശമാണ് കരുവാരകുണ്ട്. 1954-ലാണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ